നീ പിടിച്ച ഉള്ളം കൈയിൽ
നീ പിടിച്ച ഉള്ളം കൈയിൽ നമുക്കു മാത്രമറിയുന്നൊരു ഭാഷയുണ്ടായിരുന്നു വിരലിനാൽ നീ കോറിയിട്ട കാലങ്ങളെ ഞാൻ ഗ്രീഷ്മത്തിനപ്പുറം വർഷമായും അതിന്റെ തളിർത്തലപ്പിനെ വസന്തമായും വായിച്ചു. പൊരുന്നയിരുന്ന വേദനകളെല്ലാം വിരലനക്കത്തിൽ മാഞ്ഞു പോകുന്ന മാന്ത്രികതയായി ... വിരൽത്തുമ്പിനാൽ നനഞ്ഞു മിണ്ടിയ വാക്കിനറ്റങ്ങളെ പരൽ മീനായറിഞ്ഞ ഞരമ്പുകൾ നീലച്ചിറക് വിടർത്തി .... പിടഞ്ഞു മാറണമെന്നു തോന്നിക്കാതെ ചിറകിനടിയിൽ ചേർത്തുവയ്ക്കുന്ന സ്നേഹമേ ... ജീവൻ നൃത്തം വയ്ക്കുന്ന വിരൽതാളത്തിൽ നിന്നുമാറി ഞാൻ പിരിഞ്ഞു പോകുവതെങ്ങനെ?