വരകൾ

മണ്ണിൽ പുതഞ്ഞ
രണ്ട് വിത്തുകൾക്കുമുകളിൽ
കാട് വരക്കുന്നു.
ഇലപ്പച്ചകൾകൾക്കിടയിൽ
കിളികളെ വരക്കുന്നു.
പൂവിനൊപ്പം കാറ്റിനെ,
വെയിലിനൊപ്പം മഴയേയും.

വെളിച്ചത്തിൻ്റെയും ഇരുട്ടിൻ്റെയും
നൂലുകൾചേർത്ത്
കാടിന്
വർണ്ണശബളമായ
അലുക്കുകളുണ്ടാക്കുന്നു.
കാടിനുള്ളിൽ
ആമ്പൽപൂക്കൾ നിറഞ്ഞൊരു
തടാകം വരക്കുന്നു,
മരങ്ങൾക്കിടയിൽ
അനായാസേന കാണാനാവത്തത്,
അവിടെയെത്തുമ്പോൾ മാത്രം
പൂക്കൾക്ക്  മുകളിൽ
നിറങ്ങളുടെ ഭാഷയെഴുതിയ
ശലഭച്ചിറകുകൾ വരക്കുന്നു.
ചിലപ്പോൾ മുകളിൽ
കനത്തുമൂടിയ
ആകാശത്തിന് കീഴിലെ
നിശ്ചലമായ തടാകംപോലെ
കണ്ണുകൾ  വരക്കുന്നു,
ഉള്ളിൽ കടൽ ഒളിപ്പിച്ചത്.

ചില നേരത്ത്
തെളിനീലവാനത്തിനൊപ്പം
ചിറകുകളും.
പേരിട്ടു വിളിക്കാനാവാത്ത
നേരങ്ങളുടെ മാനത്ത്
നിലാവു വരക്കാതെങ്ങനെ?
ചുളുങ്ങിപ്പോയൊരു നെറ്റിയിൽ
നനുത്തൊരുമ്മ വരയ്ക്കുന്നുണ്ട്
വിറയാർന്ന വിരലുകളാൽ
പിന്നെയും.
ഒരിക്കലും വരച്ചുതീരാത്ത
ചിത്രങ്ങളുടെ പ്രദർശനശാലയ്ക്ക്
തോന്നലുകളുടെ മ്യൂസിയം
എന്ന് പേരിട്ടതാരാണ്?
നമ്മിലൊരാൾ
ചായങ്ങളഴിച്ചു വെക്കുംവരെ
വരയുന്ന ചിത്രങ്ങൾ,
ഓർമ്മകളുടെ മ്യൂസിയമെന്ന്
എന്നെങ്കിലുമൊരിക്കൽ
തിരുത്തിവായിച്ചേക്കാവുന്നത് !

Comments

Popular posts from this blog

നീ പിടിച്ച ഉള്ളം കൈയിൽ

ഏകാന്തതയുടെ നിഴലുകൾ