ഏകാന്തതയുടെ നിഴലുകൾ

ഏകാന്തതയുടെ നിഴലുകൾ കണ്ടിട്ടുണ്ടോ?
എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കപ്പെടാവുന്ന
കുഞ്ഞുങ്ങളുടേതെന്ന പോലെ
വിഹ്വലമായ ഒരിടർച്ചയിലേക്ക്
അത് ചരിഞ്ഞു കിടപ്പുണ്ടാകും.

വെയിൽ വെട്ടങ്ങളിൽ നിന്നൊഴിഞ്ഞു
മാറി, ഒരു പക്ഷേ,
തണൽ തേടിയാവണം
തേടാതെയാവണം
അതൊരിരുണ്ട പക്ഷിയുടെ
ചിറകുകളെ മാത്രം സ്വപ്നം
കാണുന്നുണ്ടാവും

മുറിവുകളുടെ ആഴത്തെ നേർത്ത
ഇരുളു കൊണ്ട് മറച്ച്
സമയപ്പകർച്ചയറിയാതെ
ഞാനില്ലാതെ നീയില്ലല്ലോ
എന്ന് ഓർമ്മപ്പെടുത്തി
അത് രൂപത്തിനെ എപ്പോഴും
ചേർത്തു പിടിച്ചിട്ടുണ്ടാകും
എന്തുകൊണ്ടെന്നാൽ
ഏകാന്തത അത്രമേൽ
ഏകാന്തമെന്ന് അതിനോട്
മാത്രം മന്ത്രിച്ചതാണ്

Comments

Popular posts from this blog

നീ പിടിച്ച ഉള്ളം കൈയിൽ

വരകൾ