Posts

ഏകാന്തതയുടെ നിഴലുകൾ

ഏകാന്തതയുടെ നിഴലുകൾ കണ്ടിട്ടുണ്ടോ? എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കപ്പെടാവുന്ന കുഞ്ഞുങ്ങളുടേതെന്ന പോലെ വിഹ്വലമായ ഒരിടർച്ചയിലേക്ക് അത് ചരിഞ്ഞു കിടപ്പുണ്ടാകും. വെയിൽ വെട്ടങ്ങളിൽ നിന്നൊഴിഞ്ഞു മാറി, ഒരു പക്ഷേ, തണൽ തേടിയാവണം തേടാതെയാവണം അതൊരിരുണ്ട പക്ഷിയുടെ ചിറകുകളെ മാത്രം സ്വപ്നം കാണുന്നുണ്ടാവും മുറിവുകളുടെ ആഴത്തെ നേർത്ത ഇരുളു കൊണ്ട് മറച്ച് സമയപ്പകർച്ചയറിയാതെ ഞാനില്ലാതെ നീയില്ലല്ലോ എന്ന് ഓർമ്മപ്പെടുത്തി അത് രൂപത്തിനെ എപ്പോഴും ചേർത്തു പിടിച്ചിട്ടുണ്ടാകും എന്തുകൊണ്ടെന്നാൽ ഏകാന്തത അത്രമേൽ ഏകാന്തമെന്ന് അതിനോട് മാത്രം മന്ത്രിച്ചതാണ്

ബിനാലെ

എന്റെ വീടിന്റെയുത്തരത്തിൽ തൂങ്ങിക്കിടുന്ന നുണകളുടെ ഒരു വലിയ ഇൻസ്റ്റലേഷനുണ്ട്. ഓരോ യാത്രക്കു ശേഷവുമുള്ള ഐഡികൾ തൂക്കി ഞാനതിനെ പുതുക്കാറുണ്ട്. വാക്കുകൾക്കിടയിൽ ഒളിച്ചു വച്ചതും വാക്കിനെതിരെ ചിരിക്കുന്നതുമായ യാഥാർത്ഥ്യങ്ങളെ സത്യമല്ല ,അങ്ങനെയൊന്നില്ല എന്ന ദാർശനിക വെളിച്ചത്തിലേക്കൊട്ടിച്ച് അതിനെ സർറിയലിസ്റ്റിക് മാതൃകയാക്കാറുണ്ട്. ബിനാലെ തീരുന്നതിന്റെ മുമ്പൊരുനാൾ തൂക്കിയിട്ട ആ വലിയ ഇൻസ്റ്റലേഷൻ പൊട്ടിവീണു സർഗ്ഗാത്മകതയുടെ അതിഭാരമില്ലാത്ത, അത്ര വലിയ ദാർശനിക സമസ്യകളൊന്നും സ്വന്തമായില്ലാത്ത ചില കുഞ്ഞുറുമ്പുകൾ അതിനിടയിൽ പെട്ട് ചതഞ്ഞു പോയി ഒരടിയന്തിരാവസ്ഥയുടെ ആഘോഷാന്തരീക്ഷങ്ങളില്ലാതെ, ഒരു കലാപങ്ങളുമില്ലാതെ അവ സ്വാഭാവിക മരണം വരിച്ചതായി ചുമരുകൾ സാക്ഷ്യപ്പെടുത്തി .

ഒറ്റക്കൊരു കുട്ടി പിന്നെയും

ഒറ്റക്കൊരു കുട്ടി പിന്നെയും ആകാശം കാണുന്നു ഉള്ളിലേക്ക് തെറിച്ച ചെളി പുരണ്ട വാക്കെല്ലാം നിലാവിൽ കഴുകുന്നു കവിളത്തുരുണ്ട നീർത്തുള്ളിയെ നക്ഷത്രങ്ങൾക്കെറിഞ്ഞു കൊടുക്കുന്നു അനങ്ങാതെ, കെട്ടിനിന്ന തോന്നലുകളെ മേഘങ്ങളിലേക്ക് അയച്ചു വിടുന്നു പിന്നെ അലസമലസമെന്ന് വെറുതെ നിന്ന കുട്ടിയെ കാറ്റ് കൂട്ടുവിളിക്കുന്നു പാതിരാപ്പൂവെന്ന് മണം കൊണ്ടുമ്മ വയ്ക്കുന്നു...

പ്രിയങ്ങളുടെ തോണിയിൽ യാത്രക്കാർ

പ്രിയങ്ങളുടെ തോണിയിൽ യാത്രക്കാർ നിറയുന്നത് എത്ര പെട്ടെന്നാണ്! എവിടെ നിന്നെന്നറിയില്ല, ഇല്ലായ്മങ്ങളുടെ ഇടങ്ങളിലേക്ക് അവരെത്തിച്ചേരുന്നു.. ഓളപ്പരപ്പിനു മേലെ ഒരേ താളമാവുന്നു രുചിക്കൂട്ടുകളിലേക്ക് വറുത്തിടുന്ന സ്വാദിന്റെ ഗന്ധമായ് ചുറ്റും പടരുന്നു ഒരിളം കാറ്റിന്റെ തണുത്ത സ്പർശമായ് നെറ്റിയിൽ മിടിക്കുന്നു. ചേർത്തു പിടിച്ച വിരലുകളിൽ ഒന്നിനുമല്ലാതെ വാഗ്ദത്തങ്ങൾ വായിക്കുന്നു ഇനിയും കാണാമെന്ന് നോട്ടങ്ങളാൽ എഴുതുന്നു. ഭാഷ വേണ്ടാത്തൊരു കവിതയായ് പിന്നെയും തുഴയുന്നു. നമ്മളെന്നൊരു പക്ഷി ചിറകാൽ ചിരിക്കുന്നു.

ഓരോ പ്രണയിനിയും...

ഓരോ പ്രണയിനിയും ഓരോ മിടിക്കുന്ന സന്ദേഹങ്ങൾ കൂടിയാണ്. അല്ലാതെ, പ്രണയമേ, നിന്നെയല്പം പോലുമവിശ്വസിച്ചല്ല. പിന്നെയും പിന്നെയും നിറയുവാനായുന്ന പാനപാത്രം പോലെ ഹൃദയം പ്രക്ഷുബ്ധ സാഗരമൊരു വേള മറുവേള ശാന്തമാകാശം നീലം... അഭിമുഖം കൺകളാൽ പുല്കിത്തളിർക്കുന്നു...

എന്റെ വീഞ്ഞിലേക്ക് തിരിച്ചിറങ്ങണം

എന്റെ വീഞ്ഞിലേക്ക് തിരിച്ചിറങ്ങണം മധുര മുന്തിരിയുടെ കടും ചുവപ്പുസത്തയിലേക്ക്.... ഉള്ളിലെ അറകളിലൊക്കെ സ്നേഹത്തിന്റെ വീര്യം പടരണം.. രാത്രിയുടെ പക്ഷികൾക്ക് നിലാവിന്റെ ചിറകുകൾ കണ്ണിൽ വറ്റാത്ത പ്രണയത്തിന്റെ പുഴകൾ. അഭയത്തിന്റെ അണകളിൽ നീ മാത്രം. എന്നെ നിറച്ച പച്ചകൾ നീ തൊടുമ്പോൾ പൂവിടർന്ന കാടുകൾ പാടും കരിങ്കുയിൽ വീചികൾ മിന്നൽപ്പിണരായി വിരിഞ്ഞു ചിരിച്ച ചുണ്ടുകൾ... മഴയിൽ, മിന്നലിൽ, ഇടിനാദത്തിൽ പ്രാണന്റെ നീലച്ച വിത്തുകൾ പിന്നെയും, മുള പൊട്ടിയൊരു ജന്മം കിനാകണ്ടു പിടരുന്ന ജീവന്റെയിലകൾ, ജന്മാന്തരങ്ങളിൽ നാം പിന്നെയുമങ്ങനെ നീളെപ്പടർന്നു കിടക്കുവാനല്ലയോ... പൂത്ത പെണ്ണിന്റെ കണ്ണുകൾ വിണ്ണിലെ നിത്യതാരകൾ നീയറിഞ്ഞില്ലയോ ..