Posts

നീ പിടിച്ച ഉള്ളം കൈയിൽ

നീ പിടിച്ച ഉള്ളം കൈയിൽ നമുക്കു മാത്രമറിയുന്നൊരു ഭാഷയുണ്ടായിരുന്നു വിരലിനാൽ നീ കോറിയിട്ട കാലങ്ങളെ ഞാൻ ഗ്രീഷ്മത്തിനപ്പുറം വർഷമായും അതിന്റെ തളിർത്തലപ്പിനെ വസന്തമായും വായിച്ചു. പൊരുന്നയിരുന്ന വേദനകളെല്ലാം വിരലനക്കത്തിൽ മാഞ്ഞു പോകുന്ന മാന്ത്രികതയായി ... വിരൽത്തുമ്പിനാൽ നനഞ്ഞു മിണ്ടിയ വാക്കിനറ്റങ്ങളെ പരൽ മീനായറിഞ്ഞ ഞരമ്പുകൾ നീലച്ചിറക് വിടർത്തി .... പിടഞ്ഞു മാറണമെന്നു തോന്നിക്കാതെ ചിറകിനടിയിൽ ചേർത്തുവയ്ക്കുന്ന സ്നേഹമേ ... ജീവൻ നൃത്തം വയ്ക്കുന്ന വിരൽതാളത്തിൽ നിന്നുമാറി ഞാൻ പിരിഞ്ഞു പോകുവതെങ്ങനെ?

നീ പോകുമ്പോൾ ചെം പരത്തികൾ

നീ പോകുമ്പോൾ ചെം പരത്തികൾ പൂത്ത ഒരു കാലം ഏടു പറിച്ച് ഞാൻ മായ്ച്ചു കളയുന്നു നമ്മൾ നുണഞ്ഞ ഉമ്മകളെയെല്ലാം ഓർമ്മയുടെ പെരുമഴക്കാലത്തേക്കൊഴുക്കി വിടുന്നു എന്റെ നെറ്റിയിൽ നീ തൊട്ട്‌ തണുത്ത നോവുകൾ പിന്നെയുമുരുകി ഞാനായി പടർന്നു പരക്കുന്നു നീ പോകുമ്പോൾ മറുവഴിയില്ലാത്ത അസാന്നിധ്യത്തിന്റെ ഒരു വലിയ പുഴയിൽ ഞാനെന്നെ ഒഴുക്കിവിടുന്നു നമ്മളായിരുന്ന ഒരു കാലം നമ്മളോടു  പിരിയാൻ മടിച്ച് നമ്മിലേക്കു തന്നെ വൃഥാ പതുങ്ങുന്നു പോകാതെ വയ്യല്ലോയെന്ന അവസാനത്തെ നോട്ടത്തിൽ അത്രമേൽ  പിടയുന്നൊരു വാക്ക് തിരിഞ്ഞു നോക്കാതെ പിരിഞ്ഞു പോകുന്നു

പരസ്പരം

മനുഷ്യബന്ധങ്ങളെക്കുറിച്ചാലോചിക്കുമ്പോ പേരിടാത്ത ഒന്നിനപ്പുറത്തെ ശീർഷകത്തിനു താഴേക്ക് എപ്പോഴോ ഒഴുകിപ്പോയവരായിരുന്നു, നമ്മൾ. ഇത് നമ്മളിരുവരും തന്നെയോ എന്ന് അവിശ്വസനീയതയോടെ ഉള്ളിലേക്കു നോക്കിയ വഴിവെട്ടം. പരസ്പരം പലതുമാണെന്ന് തോന്നിയ നേരങ്ങളുടെ തുടർച്ചകൾ. അത്രക്കു ചേർന്നു നിന്ന തണുപ്പ്. കംഫർട്ടബിളല്ലാതെ തള്ളിനീക്കുന്ന ഒരവസ്ഥയെ അങ്കലാപ്പോടെ കാണുകയാണ്. വിട്ടു കളയാനാവാത്ത വിധം ചേർന്നു പോയ ഒന്ന് പറിച്ചു മാറ്റേണ്ടി വരുന്നതിന്റെ പകപ്പുണ്ട്. അതുണ്ടാക്കുന്ന ശൂന്യതക്ക് എന്താണ് പകരം വയ്ക്കുക? എന്നാലും എന്നോടതും തുറന്നു പറയാൻ ചേർത്തു നിർത്തിയ ഇഷ്ടമില്ലേ? പ്രണയിച്ചതിനാൽ  മുറിവേൽക്കാതെ ഞാനത് കാത്ത് വയ്ക്കും ... പ്രണയത്താൽ മുറിപ്പെട്ട് പിരിയുന്നെങ്കിൽ അതിലുള്ള ഇഷ്ടത്തെ എനിക്ക് കാണാനാവും. അതിലേക്ക് പരുവപ്പെടാൻ എത്ര കാലമെടുക്കുമെന്നറിയില്ല, നമ്മളില്ലായ്മക്കപ്പുറം നിക്കുമ്പോ നമ്മളെന്ത് മിണ്ടുമെന്നറിയില്ല. ദൂരെയായിപ്പോവുന്ന ഒരാളായി എനിക്ക് നോക്കി നിൽക്കാൻ പറ്റ് ണില്ല. ഒരുപാടാലോചിച്ചു. നിങ്ങൾ രണ്ടാൾടേം ജീവിതത്തിലേക്ക് വന്ന എന്നെ മാറി നിന്ന് നോക്കി. വിട്ടു പോകുമ്പോ പിന്നെയും ചേർത്തു പിടിക്കാൻ തോന്നുന്നു....
വേർപ്പെട്ടു പോയതിന്റെ കാരണങ്ങൾക്ക് ചിലപ്പോഴൊന്നും പറയാനുണ്ടാവില്ല..... വിട്ടു പോകുന്ന വഴികളിൽ മൗനം മാത്രം അപ്പോഴും കലഹിക്കുന്നുണ്ടാവാം .. പ്രളയം പോലെ പരന്നു പൊങ്ങുന്നൊരു പിൻ നടത്തത്തിൽ ഉള്ളിൽ അടക്കിയതും കുടഞ്ഞതുമെല്ലാം കലങ്ങിമറിയുന്നുണ്ടാവാം.. ചിലപ്പോഴതിൽ മുങ്ങി, ശ്വാസം നിലച്ച് ആഴത്തിലേക്കെന്ന് തോന്നിയേക്കാം .. എങ്കിലുമെങ്കിലും, ഒരിക്കൽ പടർന്ന സ്നേഹത്തിന്റെ വേരറ്റമെങ്കിലും ഈ കടപുഴകലിൽ കാൺകെ ഒരു നീർത്തുള്ളി കണ്ണിൽ ഒരു നിമിഷം തിളങ്ങി നിന്നേക്കാം ... നിശബ്ദമായി നിറയുന്ന തടാകം പോലെ ചലനമുണ്ടാകാതെ, മറ്റൊരറ്റം തേടി തുഴഞ്ഞുപോകുന്ന നീ പടർത്തുന്ന നിസംഗത ഏറ്റവുമാഴത്തിലേക്ക് എന്നെ എറിഞ്ഞു കൊടുക്കുമ്പോൾ, പിന്നിട്ടുപോയ വിശ്വാസങ്ങളുടെ ഒരു തുഴയും എന്റെ കൈയകലത്തിലേക്ക് കൂട്ടുവരുന്നില്ലല്ലോ...

ഏകാന്തതയുടെ നിഴലുകൾ

ഏകാന്തതയുടെ നിഴലുകൾ കണ്ടിട്ടുണ്ടോ? എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കപ്പെടാവുന്ന കുഞ്ഞുങ്ങളുടേതെന്ന പോലെ വിഹ്വലമായ ഒരിടർച്ചയിലേക്ക് അത് ചരിഞ്ഞു കിടപ്പുണ്ടാകും. വെയിൽ വെട്ടങ്ങളിൽ നിന്നൊഴിഞ്ഞു മാറി, ഒരു പക്ഷേ, തണൽ തേടിയാവണം തേടാതെയാവണം അതൊരിരുണ്ട പക്ഷിയുടെ ചിറകുകളെ മാത്രം സ്വപ്നം കാണുന്നുണ്ടാവും മുറിവുകളുടെ ആഴത്തെ നേർത്ത ഇരുളു കൊണ്ട് മറച്ച് സമയപ്പകർച്ചയറിയാതെ ഞാനില്ലാതെ നീയില്ലല്ലോ എന്ന് ഓർമ്മപ്പെടുത്തി അത് രൂപത്തിനെ എപ്പോഴും ചേർത്തു പിടിച്ചിട്ടുണ്ടാകും എന്തുകൊണ്ടെന്നാൽ ഏകാന്തത അത്രമേൽ ഏകാന്തമെന്ന് അതിനോട് മാത്രം മന്ത്രിച്ചതാണ്

ബിനാലെ

എന്റെ വീടിന്റെയുത്തരത്തിൽ തൂങ്ങിക്കിടുന്ന നുണകളുടെ ഒരു വലിയ ഇൻസ്റ്റലേഷനുണ്ട്. ഓരോ യാത്രക്കു ശേഷവുമുള്ള ഐഡികൾ തൂക്കി ഞാനതിനെ പുതുക്കാറുണ്ട്. വാക്കുകൾക്കിടയിൽ ഒളിച്ചു വച്ചതും വാക്കിനെതിരെ ചിരിക്കുന്നതുമായ യാഥാർത്ഥ്യങ്ങളെ സത്യമല്ല ,അങ്ങനെയൊന്നില്ല എന്ന ദാർശനിക വെളിച്ചത്തിലേക്കൊട്ടിച്ച് അതിനെ സർറിയലിസ്റ്റിക് മാതൃകയാക്കാറുണ്ട്. ബിനാലെ തീരുന്നതിന്റെ മുമ്പൊരുനാൾ തൂക്കിയിട്ട ആ വലിയ ഇൻസ്റ്റലേഷൻ പൊട്ടിവീണു സർഗ്ഗാത്മകതയുടെ അതിഭാരമില്ലാത്ത, അത്ര വലിയ ദാർശനിക സമസ്യകളൊന്നും സ്വന്തമായില്ലാത്ത ചില കുഞ്ഞുറുമ്പുകൾ അതിനിടയിൽ പെട്ട് ചതഞ്ഞു പോയി ഒരടിയന്തിരാവസ്ഥയുടെ ആഘോഷാന്തരീക്ഷങ്ങളില്ലാതെ, ഒരു കലാപങ്ങളുമില്ലാതെ അവ സ്വാഭാവിക മരണം വരിച്ചതായി ചുമരുകൾ സാക്ഷ്യപ്പെടുത്തി .

ഒറ്റക്കൊരു കുട്ടി പിന്നെയും

ഒറ്റക്കൊരു കുട്ടി പിന്നെയും ആകാശം കാണുന്നു ഉള്ളിലേക്ക് തെറിച്ച ചെളി പുരണ്ട വാക്കെല്ലാം നിലാവിൽ കഴുകുന്നു കവിളത്തുരുണ്ട നീർത്തുള്ളിയെ നക്ഷത്രങ്ങൾക്കെറിഞ്ഞു കൊടുക്കുന്നു അനങ്ങാതെ, കെട്ടിനിന്ന തോന്നലുകളെ മേഘങ്ങളിലേക്ക് അയച്ചു വിടുന്നു പിന്നെ അലസമലസമെന്ന് വെറുതെ നിന്ന കുട്ടിയെ കാറ്റ് കൂട്ടുവിളിക്കുന്നു പാതിരാപ്പൂവെന്ന് മണം കൊണ്ടുമ്മ വയ്ക്കുന്നു...